ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടം അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ വച്ച് ഫാ. കുരിയാക്കോസ് പുതുപ്പാടി രചിച്ച 'കാലത്തിന്റെ ചുവരെഴുത്തുകൾ ' എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു.
അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്താക്ക് ആധ്യപ്രതി നൽകി കൊണ്ടായിരുന്നു പ്രകാശനകർമ്മം നിർവഹിച്ചത്.
ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളേയും ആത്മീയ സത്യങ്ങളേയും ക്രൈസ്തവവിശ്വാസത്തിന്റെ വെളിച്ചത്തിൽ വായിച്ചെടുക്കുന്ന ചിന്തങ്ങളുടെ സമാഹാരമാണ് കാലത്തിന്റെ ചുവരെഴുത്തുകൾ എന്ന് ശ്രേഷ്ഠ ബാവ തന്റെ പ്രകാശന സന്ദേശത്തിൽ പറഞ്ഞു. കാലം മനുഷ്യ ജീവിതത്തിൽ എഴുതിച്ചേർക്കുന്ന സന്തോഷവും ദുഃഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്.
മനുഷ്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തത്തിന്റെയും ക്രൈസ്തവ ആത്മീയതയുടേയും പശ്ചാലത്തിൽ അവതരിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമാണ് ഈ കൃതി.
ഇനിയും ധാരാളം ആത്മീയ ഗ്രന്ഥങ്ങൾ രചിക്കാൻ ഗ്രന്ഥകാരന് ദൈവം നൽകട്ടെയെന്ന് ശ്രേഷ്ഠ ബാവ തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു. തദവസരത്തിൽ ഭദ്രാസന സെക്രട്ടറി ഫാ, പോൾ തോട്ടക്കാട്ട്, ജോയിന്റ് സെക്രട്ടറി റവ. ഫാ. ബെൽസൺ കുര്യാക്കോസ്, ട്രഷറർ സിമി ജോസഫ്, ജോയിന്റ് ട്രഷറർ ബോബി കുര്യക്കോസ്, റവ. ജേക്കബ് ജോസഫ് പി,എച്ച്ഡി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വന്ദ്യ കോറെപ്പിസ്കോപ്പമാർ, വൈദികർ, ശെമ്മാശന്മാർ, വിശ്വാസികൾ എന്നിവർ സന്നിഹതരായിരുന്നു.